17/9/25
തിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങളിലൂടെ കേരളത്തിലെ ആരോഗ്യമേഖലയെ അടച്ചാക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ ആരോഗ്യ രംഗത്തെ മാറ്റം കണ്ട് പ്രതിപക്ഷം ബേജാറായിട്ട് കാര്യമില്ല. അമീബിക് മസ്തിഷ്കജ്വരത്തിന്റെ കാരണം കണ്ടുപിടിക്കാൻ എല്ലാ ജില്ലകളിലും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായായിരുന്നു മന്ത്രി.
അപൂർവ്വമായി മാത്രം മനുഷ്യരിൽ ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മതിഷ്‌ക ജ്വരമെന്നാണ് പഠനം. രാജ്യത്ത് 70 ശതമാനം മതിഷ്‌ക ജ്വരവും കണ്ടെത്താൻ കഴിയാറില്ല. കോവിഡ് കാലത്താണ് മതിഷ്‌ക ജ്വരം കൃത്യമായി റിപ്പോർട്ട് ചെയ്ത് കാരണം കണ്ടെത്തണമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചത്. അമീബിക് മസ്തിഷ്കജ്വരത്തിന്റെ കാരണം കണ്ടുപിടിക്കാൻ എല്ലാ ജില്ലകളിലും കഴിയും. എന്നാൽ ഏത് അമീബയാണ് എന്ന് കണ്ടെത്താനുള്ള പിസിആർ ടെസ്റ്റ് ലാബുകൾ രാജ്യത്ത് രണ്ടിടത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചണ്ഡീഗഡിലും പോണ്ടിച്ചേരിയിലും. എന്നാൽ ഇന്ന് കേരളത്തിൽ അത് പരിശോധിക്കാനുള്ള സംവിധാനം നിലവിൽ ഉണ്ട്. അമീബിക് രോഗബാധയെ ഏകാരോഗ്യത്തിൽ ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ രൂപീകരിച്ച ലോകത്തെ ഏക സ്ഥലം കേരളമാണ് എന്നും മന്ത്രി വ്യക്തമാക്കി.