22/9/25
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു ചലച്ചിത്ര പ്രവര്‍ത്തകന് നല്‍കുന്ന പരമോന്നത ബഹുമതി എന്ന നിലയിലാണ് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പ്രസക്തമാകുന്നത്. വളരെ സൂക്ഷ്മവും അവധാനതാപൂര്‍ണവുമായ തിരഞ്ഞെടുപ്പിലൂടെ ലഭ്യമാകുന്ന അംഗീകാരം എന്ന നിലയില്‍ ഈ ബഹുമതി ലഭിക്കുന്നത് ഏറെ നിര്‍ണായകമായി കരുതപ്പെടുന്നു. അപൂര്‍വം ചിലര്‍ക്ക് മാത്രമേ അതിനുളള ഭാഗ്യം ലഭിച്ചിട്ടുളളു. ഇത്രമേല്‍ പ്രശസ്തമായ അംഗീകാരത്തിന് നാമധേയം ചെയ്യപ്പെട്ട ഫാല്‍ക്കെ എന്ന ചലച്ചിത്രകാരന്റെ ജീവിതം അസാധാരണമായ അനുഭവങ്ങളുടെ അക്ഷയഖനികള്‍ നിറഞ്ഞതാണ്.
ധുണ്ടിരാജ് ഗോവിന്ദ് ഫാല്‍ക്കേ എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം. നിര്‍മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, എഡിറ്റര്‍, കലാ സംവിധായകന്‍, വസ്ത്രാലങ്കാരകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ ബഹുമുഖമായ കര്‍മ പഥങ്ങളിലുടെ സിനിമാ മേഖലയില്‍ ഒരു വിസ്മയമായി തീര്‍ന്നു അദ്ദേഹം. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന മഹത്തായ പദവി അദ്ദേഹത്തിന് ലഭ്യമായി. 1870 ല്‍ ബ്രിട്ടിഷ് ഇന്ത്യയിലാണ് ഫാല്‍ക്കെ ജനിച്ചത്. 1944 ല്‍ ഇന്ത്യ സ്വതന്ത്രയാകും മുന്‍പ് 73 -ാം വയസില്‍ അദ്ദേഹം അന്തരിച്ചു.