കുവൈത്ത് സിറ്റി : ഗുരുതരമായ പട്ടിണിയും ക്ഷാമവും നേരിടുന്ന ഗാസയിലെ ജനങ്ങൾക്ക് ആശ്വാസമായി കുവൈത്ത് 40 ടൺ ഭക്ഷ്യവസ്തുക്കളുമായി 10ാമത്തെ ദുരിതാശ്വാസ വിമാനം അയച്ചു. ഈജിപ്തിലെ അൽ അറിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സഹായവസ്തുക്കൾ റോഡുമാർഗം ഗാസയിലേക്ക് എത്തിക്കും. ഗാസയിലെ ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാൻ കുവൈത്ത് നടത്തുന്ന രണ്ടാമത്തെ എയർ ബ്രിഡ്ജിന്റെ ഭാഗമായാണ് പുതിയ വിമാനം അയച്ചത്. നേരത്തെ, ഒമ്പത് വിമാനങ്ങളിലായി 150 ടൺ സഹായസാധനങ്ങൾ ഈജിപ്തിലേക്കും ജോർദാനിലേക്കും കുവൈത്ത് അയച്ചിരുന്നു.