22/9/25
ലണ്ടൻ: കൈരളി യുകെയുടെ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. നാടിൻ്റെ നന്മകളും ഗൃഹാതുരത്വമുണർത്തുന്ന കലാ-കായിക പരിപാടികളും കൊണ്ട് ആഘോഷം ശ്രദ്ധേയമായി. ശനിയാഴ്ച ബാർക്കിങ്ങിലെ സെന്റ് തോമസ് മോർ കാത്തലിക് ചർച്ച് പാരിഷ് ഹാളിലും പരിസരത്തുമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകളാണ് ഈ ഓണാഘോഷത്തിൽ പങ്കെടുത്തത്.
അത്തപ്പൂക്കളം, കായിക മത്സരങ്ങൾ, മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര, യൂണിറ്റ് അംഗങ്ങളുടെ സംഗീതനിശ തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 350-ഓളം പേർ പങ്കെടുത്തു. തുടർന്ന് നടന്ന കേരളത്തനിമയാർന്ന നാടൻ കലാരൂപങ്ങൾ അരങ്ങേറി. വൈകീട്ട് 7 മുതൽ നടന്ന സംഗീത സന്ധ്യയും ഓണാഘോഷത്തിന് ആവേശം പകർന്നു.