23/9/25
ഗുവാഹത്തി: പ്രിയ ഗായകന് വിട ചൊല്ലി രാജ്യം. സുബീൻ ഗാർഗിന്റെ മൃതദേഹം സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കടുത്ത ചൂട് അവഗണിച്ചാണ് പതിനായിരങ്ങള്‍ സുബീന്‍ ഗാര്‍ഗിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. സഹോദരി പാമി ബോര്‍ഠാക്കുര്‍ ആണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ഉള്‍പ്പെടെ നിരവധിപ്പേര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ചടങ്ങില്‍ ഗാര്‍ഗിന്റെ ഏറെ പ്രശസ്തമായ പാട്ടുകളില്‍ ഒന്നായ മായബിനി ആരാധകര്‍ ആലപിച്ചു. താന്‍ മരിക്കുമ്പോള്‍ ഈ പാട്ട് കേള്‍പ്പിക്കണമെന്ന് ഗാര്‍ഗ് മുമ്പ് പലതവണ ആവശ്യപ്പെട്ടിരുന്നു.
ബോളിവുഡിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സുബീൻ ഗാർഗ് എന്ന അസമീസ് ഗായകന്റെ വേർപാട് ആരാധകർ ഏറെ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സിംഗപ്പൂരിൽ വച്ച് സ്കൂബാ ഡൈവിങ്ങിനിടെയായിരുന്നു സുബീൻ ഗാർഗിന്റെ മരണം. ശനിയാഴ്ച നടക്കാനിരുന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.