26/9/25
കുവൈത്ത് സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ കടുത്ത ദുരിതം നേരിടുന്ന ഗാസ ജനതയ്ക്കായി ദുരിതാശ്വാസ ദൗത്യം തുടർന്ന് കുവൈത്ത്. 40 ടൺ ഭക്ഷണസഹായവുമായി 13–-ാമത്തെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവിടെനിന്ന് സഹായവസ്‌തുക്കൾ റോഡുമാർഗം ഗാസയിലെത്തിക്കാനാണ് തീരുമാനം. റിവൈവൽ ഓഫ് ഇസ്ലാമിക് ഹെറിറ്റേജ് സൊസൈറ്റിയുടെ സംഭാവനകളാണ് ഈ ഘട്ടത്തിൽ വിനിയോഗിച്ചത്.
സാമൂഹിക, വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയാണ് സഹായ കൈമാറ്റ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സഹായം തടസ്സമില്ലാതെ ഗാസയിലെത്തിക്കാനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി തുടർച്ചയായ ഏകോപനവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായുള്ള സഹകരണവും സൊസൈറ്റി ഉറപ്പാക്കുന്നു. ഈ ദൗത്യത്തിൽ ഈജിപ്തിലും ജോർദാനിലുമുള്ള കുവൈത്ത് എംബസികൾ, ജോർദാനിയൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ, പലസ്‌തീൻ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയും സജീവമായി പങ്കാളികളാണ്. ഇതോടെ ജോർദാനിലേക്കുള്ള നാല് വിമാനങ്ങളിലൂടെയും ഈജിപ്തിലേക്കുള്ള ഒമ്പത് വിമാനങ്ങളിലൂടെയും കുവൈത്ത് മൊത്തം 250 ടൺ ഭക്ഷണ സഹായം ഗാസയിലെത്തിച്ചിരിക്കുകയാണ്.