3/10/25
ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. ഡൽഹിയും കാബൂളും അടുക്കുന്നു എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ മുത്താക്കിക്ക് യാത്രാ ഇളവ് അനുവദിച്ചതിന് ശേഷമാണ് ഇന്ത്യാ സന്ദർശനം.
അന്താരാഷ്ട്ര തലത്തിൽ യാത്ര ചെയ്യുന്നതിന്, 1988 ലെ യുഎന്നിന്റെ ഉപരോധ സമിതിയിൽ നിന്ന് അദ്ദേഹത്തിന് ഇളവ് ആവശ്യമായിരുന്നു. ഉപരോധം കാരണം നേരത്തെ പാകിസ്ഥാൻ യാത്ര മുടങ്ങിയിരുന്നു.
ഒക്ടോബർ 9 മുതൽ 10 വരെ ആമിർ ഖാൻ മുത്താക്കി ഡൽഹിയിൽ ഉണ്ടാകുമെന്നാണ് വാർത്തകൾ. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
2021 ഓഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഉന്നത മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയാവും ഇത്. ഇതുവരെ താലിബാൻ ഭരണകൂടവുമായി അകലം പാലിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. 2021 മുതൽ കാബൂളുമായി പ്രായോഗികമായി ഇടപഴകിയിട്ടുണ്ട്. പ്രത്യേകിച്ച് ചബഹാർ തുറമുഖ പദ്ധതി വഴി മാനുഷിക സഹായത്തിനും വ്യാപാര സൗകര്യത്തിനും, നയതന്ത്ര ബന്ധങ്ങൾ പുലർത്തി. പാകിസ്ഥാനുമായുള്ള വഷളയാ ബന്ധവും ഈ സാഹചര്യത്തിൽ ഘടകമാവുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു