4/10/25
അഹമ്മബാദ്∙ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഒന്നാം ടെസ്റ്റിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇറങ്ങിയ വെസ്റ്റിൻഡീസിനെ രണ്ടാം ഇന്നിങ്സിൽ 146 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യ. മൂന്നാം ദിവസം ബോളർമാർ തകർത്തെറിഞ്ഞതോടെ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ലഞ്ചിനു പിരിയുമ്പോൾ 27 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിലായിരുന്നു വിൻഡീസ്. അലിക് അതാനീസ് (74 പന്തിൽ 38), ജസ്റ്റിൻ ഗ്രീവ്സ് (52 പന്തിൽ 25) എന്നിവരുടെ ഇന്നിങ്സുകളിലായിരുന്നു വിൻഡീസിന്റെ പ്രതീക്ഷ. പക്ഷേ അതും അധികം നീണ്ടില്ല. ബുധനാഴ്ച രണ്ടാം സെഷനിൽ അനാതീസിനെ വാഷിങ്ടൻ സുന്ദർ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു പുറത്താക്കി. പിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തിൽ ഗ്രീവ്സും ബോൾഡായി.