8/10/25
കൊച്ചി: അനധികൃത വാഹനക്കടത്ത് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന പരിശോധനയ്ക്കിടെ നടൻ ദുൽഖർ സൽമാൻ കൊച്ചി എളംകുളത്തെ വീട്ടിലെത്തി. ഇ ഡി ആവശ്യപ്പെട്ടപ്രകാരമാണ് ചെന്നൈയിൽനിന്നും താരം എത്തിയത്. ചെന്നൈയിലുള്ള ദുൽഖറിന്റെയും മമ്മൂട്ടിയുടെയും വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. ഹൈദരാബാദിൽ നിന്ന് ഷൂട്ടിങ് പൂർത്തിയാക്കി മമ്മൂട്ടി ചെന്നൈയിലെ വീട്ടിലെത്തി.
മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കൊച്ചിയിലെ രണ്ട് വീടുകൾ, നടൻ പൃഥ്വിരാജിന്റെ തേവരയിലെയും തോപ്പുംപടിയിലെ ഫ്ലാറ്റുകള്‍, വാഹന ഡീലർ അമിത് ചക്കാലക്കലിൻറെ കലൂരിലെ വീട് എന്നിവയുൾപ്പെടെ 17 സ്ഥലത്താണ് പരിശോധന നടത്തുന്നത്. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് വിശദീകരണം. ഓപ്പറേഷൻ നുംഖോറിൽ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം ദുൽഖറിന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇ ഡിയുടെ പരിശോധന.