8/10/25
മുംബൈ ∙ ബോളിവുഡ് നടി ശിൽപ ഷെട്ടിക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി. കൊളംബോയിൽ നടക്കുന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുക്കാനാണു നടി യാത്രാനുമതി ആവശ്യപ്പെട്ടത്. 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും എതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇതിനെ തുടർന്ന് വിദേശ യാത്ര നടത്തണമെങ്കിൽ അനുവാദം ആവശ്യമായ സാഹചര്യത്തിലാണ് ഇരുവരും കോടതിയെ സമീപിച്ചത്. എന്നാൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട 60 കോടി രൂപ തിരികെ നൽകിയതിനുശേഷം യാത്രാ അനുമതി സംബന്ധിച്ചുള്ള കാര്യം പരിഗണിക്കാം എന്നാണു കോടതി വാക്കാൽ പറഞ്ഞത്. കേസ് ഒക്ടോബർ 14 ന് വീണ്ടും പരിഗണിക്കും.