10/10/25
കുവൈത്ത് സിറ്റി : ഇസ്രയേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്കുള്ള സഹായം തുടർന്ന് കുവൈത്ത്. ‘കുവൈത്ത് കൂടെയുണ്ട്’ ക്യാന്പയിന്റെ ഭാഗമായുള്ള രണ്ടാമത്തെ എയർ ബ്രിഡ്ജ് പദ്ധതിയിലെ 17–ാം വിമാനം ഗാസയിലേക്ക് പുറപ്പെട്ടു. 40 ടൺ ഭക്ഷണ സാധനങ്ങൾ അടങ്ങിയ വിമാനം അബ്‌ദുള്ള അൽ മുബാറക് എയർബേസിൽനിന്ന് ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പറന്നത്.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സഹായം. സാമൂഹിക, വിദേശ, പ്രതിരോധ മന്ത്രാലയങ്ങൾ, കുവൈത്ത് വ്യോമസേന, വിവിധ കുവൈത്ത് ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ദൗത്യം. വിമാനം പുറപ്പെടുന്നതിന് മുന്പ് കുവൈത്ത് റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ ഫഹദ് അൽ മണ്ഡീൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഗാസയിലെ ജനങ്ങൾക്ക് ജീവധാരയായി എയർ ബ്രിഡ്ജ് പ്രവർത്തിക്കുന്നു. കുവൈത്തിന്റെ കരുണയും പലസ്‌തീൻ ജനതയോടുള്ള ഐക്യദാർഢ്യവും ഇതിലൂടെ പ്രതിഫലിക്കുന്നു– സെക്രട്ടറി ജനറൽ പറഞ്ഞു.