11/10/25
മസ്കത്ത്: ലോകകപ്പ് യോഗ്യത നാലാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ശക്തരായ ഖത്തറിനെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായി ഒമാൻ ശനിയാഴ്ച അയൽക്കാരായ യു.എ.ഇയെ നേരിടും. ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 9.15നാണ് മത്സരം. ഇന്നത്തെ കളിയിൽ യു.എ.ഇയെ അട്ടിമറിക്കുകയാണെങ്കിൽ ലോകകപ്പ് കളിക്കുക എന്ന സ്വപ്നം ഒമാന്‍ സാക്ഷാത്കരിക്കാനാകും. യു.എ.ഇ കരുത്തരാണെങ്കിലും മികച്ചപ്രകടനം പുറത്തെടുക്കുകയാണെങ്കിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം കോച്ച് ടീം അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. കണക്കുകളില്‍ യു.എ.ഇയാണ് മുന്നില്‍. ഇരുവരും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് പ്രാവശ്യം യു.എ.ഇയും നാലു മത്സരം ഒമാനും വിജയിച്ചു. അഞ്ചെണ്ണം സമനിലയിലായി. അവസാനമായി ഇരു ടീമും അറബ് കപ്പില്‍ നേരിട്ടപ്പോള്‍ 1-1ന് തുല്യത പാലിച്ചു. 67ാം സ്ഥാനത്തുള്ള യു.എ.ഇ റാങ്കിങ്ങിലും ഒമാനെക്കാള്‍ മുന്നിലാണ്. 78ാം സ്ഥാനത്താണ് ഒമാന്‍.