11/10/25
കണ്ണൂർ: കള്ളപ്പണം വെളിപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹതയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള കേരള ഹൗസിലെ പ്രഭാത ഭക്ഷണം കഴിക്കലും കേന്ദ്ര മന്ത്രിമാരുടെ വീടുകളില്‍ ഉദ്യോഗസ്ഥരില്ലാതെയുള്ള പിണറായി വിജയന്റെ സന്ദര്‍ശനവും ഇതിനിടെയാണ് നടന്നത്. ഇതെല്ലം കൂട്ടിവായിച്ചാല്‍ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് വ്യക്തമാണ്. അതില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്കുണ്ട്. ഇതെല്ലാം തെറ്റാണെന്നും തട്ടിപ്പാണെന്നും തുറന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ? അതല്ലാതെ മടിയില്‍ കനമില്ലെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും വസ്തുനിഷ്ഠമായി മറുപടിപറയണമെന്നും കെ.സി വേണുഗോപാല്‍ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.