22/10/25
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മേഖലകളിലുള്ള തൊഴിൽ പങ്കാളിത്തം 2025 ജൂൺ അവസാനം 22.29 ലക്ഷമായി ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 88,414 തൊഴിലാളികളുടെ വർധനയുണ്ടായി. 4.1 ശതമാനമാണ് വളർച്ചയെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പുതിയ തൊഴിൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണം 17,80,515 ആയി. 5.4 ശതമാനമാണ് വർധന. എന്നാൽ, സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം നേരിയ തോതിൽ താഴ്‌ന്നു. 2025 ജൂൺ അവസാനം 4,48,919 സ്വദേശികളാണ് തൊഴിൽ രംഗത്ത് സജീവം. 2024-ലെ കണക്കുകളെ അപേക്ഷിച്ച് 0.6 ശതമാനം കുറവാണിത്. മൊത്തം തൊഴിൽ ശക്തിയിൽ സ്വദേശികളുടെ പങ്ക് 20.1 ശതമാനം മാത്രമാണ്. ബാക്കി 79.9 ശതമാനവും പ്രവാസികളാണ്.