13/03/2026
Ramzun
തിരുവനന്തപുരം: സംസ്ഥാനത്തെ കലാപ്രവർത്തകർക്ക് ആശ്വാസമായി വിവിധ ധനസഹായങ്ങളും പെൻഷനുകളും വർധിപ്പിച്ച് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ കീഴിൽ ലഭിച്ചിരുന്ന സൂപ്പറാന്വേഷൻ പെൻഷൻ 4000 രൂപയിൽ നിന്ന് 5000 രൂപയായി ഉയർത്തിയതോടെ നിരവധി മുതിർന്ന കലാകാരന്മാർക്ക് സാമ്പത്തിക പിന്തുണ കൂടുതൽ ലഭ്യമാകും. അതേസമയം കുടുംബ പെൻഷനും അവശതാ പെൻഷനും 1100 രൂപയിൽ നിന്ന് 1600 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്. ചികിത്സാ സഹായത്തിലും വലിയ മാറ്റം വരുത്തിയ സർക്കാർ, ആജീവനാന്ത ചികിത്സാ ധനസഹായം ഒന്നര ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്തി. മുമ്പ് ഒരിക്കൽ മാത്രമായിരുന്നു ഈ സഹായം ലഭിച്ചിരുന്നത്, എന്നാൽ ഇനി മൂന്ന് വർഷം കൂടുമ്പോഴൊരിക്കൽ വീണ്ടും ലഭിക്കുന്നവിധം പുതിയ വ്യവസ്ഥ കൊണ്ടുവന്നു. മാരകരോഗങ്ങൾ ബാധിച്ച കലാകാരന്മാർക്ക് രണ്ട് ലക്ഷം രൂപ വരെ ആവർത്തിച്ച് ധനസഹായം ലഭിക്കുമെന്നും അറിയിച്ചു. ഇതിന് പുറമേ വിവാഹ ധനസഹായം 25,000 രൂപയിൽ നിന്ന് 50,000 രൂപയായും മരണാനന്തര ധനസഹായം 10,000 രൂപയിൽ നിന്ന് 25,000 രൂപയായും വർധിപ്പിച്ചു. കൂടാതെ 60 വയസ്സ് കഴിഞ്ഞ അർഹരായ കലാകാരന്മാർക്ക് അംഗത്വം നേടാൻ ഒരവസരം കൂടി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തിനകം 10 വർഷത്തെ അംശദായം ഒരുമിച്ച് അടച്ച് അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അപേക്ഷ നൽകാൻ സൗകര്യമുണ്ടാകും.